ന്യൂഡൽഹി: മഹാത്മാഗാന്ധി എന്നത് ഒരു വ്യക്തിയല്ലെന്നും ഒരു ചിന്തയാണെന്നും ലോക്സഭാ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധി. ആ ചിന്തയെ മായ്ക്കാൻ ഒരു സാമ്രാജ്യവും വെറുപ്പിന്റെ പ്രത്യയശാസ്ത്രവും അധികാരശക്തിയും ഒരിക്കൽ ശ്രമിച്ചെന്നും, എന്നാൽ എല്ലാം വെറുതെയായെന്നും ഗാന്ധിജിയുടെ രക്തസാക്ഷിത്വദിനത്തിൽ ആദരമർപ്പിച്ച് രാഹുൽ എക്സിൽ കുറിച്ചു.
സത്യത്തിന്റെയും അഹിംസയുടെയും ധൈര്യത്തിന്റെയും ശക്തി അധികാരത്തിന്റെയും അക്രമത്തിന്റെയും ഭയത്തിന്റെയും മേലെയാണെന്നുള്ള അടിസ്ഥാനമന്ത്രം രാഷ്ട്രപിതാവ് നമുക്കു നൽകി. ഈ ചിന്ത മായ്ക്കാൻ കഴിയില്ല. ഇന്ത്യയുടെ ആത്മാവിൽ ഗാന്ധിജി അമർത്യനാണെന്നും രാഹുൽ കൂട്ടിച്ചേർത്തു.